Monday, September 25, 2006

നക്ഷത്രങ്ങള്‍ക്ക് പേരിടുന്നത്‌ എങ്ങനെ?- ഭാഗം ഒന്ന്

കഴിഞ്ഞ കുറച്ച് പോസ്റ്റുകളിലൂടെ നമ്മള്‍ നക്ഷത്രരാശി എന്താണെന്നും, രാശിചക്രം എന്താണെന്നും, രാശിചക്രത്തില്‍ ഉള്‍പ്പെടുന്ന നക്ഷത്രരാശികള്‍ ഏതൊക്കെയാണെന്നും മനസ്സിലാക്കി. ഇതിനു മുന്‍പുള്ള പോസ്റ്റില്‍ നിന്ന് കാന്തിമാനം എന്താണെന്നും മനസ്സിലാക്കി.

ഇനിയുള്ള നാല് പോസ്റ്റുകളില്‍ നക്ഷത്രങ്ങളെയും മറ്റ് ഖഗോള വസ്തുക്കളേയും എങ്ങനെയാണ് നാമകരണം ചെയ്യുന്നത് എന്നും പല തരത്തില്‍ ഉള്ള നക്ഷത്രനാമകരണ സമ്പ്രദായങ്ങളും കാറ്റലോഗുകളും ഒക്കെ‍ ഏതൊക്കെയാണെന്നും മനസ്സിലാക്കാം. ഈ സമ്പ്രദായങ്ങളേയും കാറ്റലോഗുകളേയും പരിചയപ്പെടുന്നത് വളരെ അത്യാവശ്യമാണ്, കാരണം ഇനി വരുന്ന പോസ്റ്റുകളില്‍ നക്ഷത്രങ്ങള്‍ക്കും മറ്റു ഖഗോള വസ്തുക്കള്‍ക്കും അതിന്റെ ഒക്കെ അതിന്റെ കാറ്റലോഗ്/നാമകരണ സമ്പ്രദായ പേരുകള്‍ ആയിരിക്കും പറയുക. അപ്പോള്‍ ഒരു വിശദീകരണം തരുന്നത് ഒഴിവാക്കാനാണീ ഇനിയുള്ള നാല് പോസ്റ്റുകള്‍.



തനത് നാമം (Proper Name or Common Name)

പ്രഭ കൂടിയ പല നക്ഷത്രങ്ങള്‍ക്കും തനതായ നാമം പണ്ട് നമ്മുടെ പൂര്‍വികര്‍ കൊടുത്തിരുന്നു. ഉദാഹരണത്തിന് തിരുവാതിര, ചിത്തിര, ചോതി മുതലായ നക്ഷത്രങ്ങള്‍ ‍. എല്ലാ രാജ്യങ്ങളിലും അവിടുത്തെ ജനങ്ങള്‍ ഇതുപോലെ നക്ഷത്രങ്ങള്‍ക്ക് അവരുടെ സംസ്ക്കാരത്തിനും ഭാഷയ്ക്കും അനുയോജ്യമായ പേരുകള്‍ കൊടുത്തു. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം വരെ നക്ഷത്രങ്ങള്‍ ഇങ്ങനെ അതിന്റെ തനതുനാമത്തിലാണ് അറിയപ്പെട്ടത്. കൂടുതലും അറബി നാമങ്ങള്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ഒരു നക്ഷത്രം തന്നെ പല സ്ഥലത്തും പല പേരുകളില്‍ അറിയപ്പെടുന്നത് ‍ പലപ്പോഴും ചിന്താകുഴപ്പത്തിന് ഇടയാക്കി. ദൂരദര്‍ശിനിയുടെ കണ്ടെത്തലോടെ പുതിയ പുതിയ നക്ഷത്രങ്ങളെ കണ്ടെത്തികൊണ്ടിരുന്നു. മാത്രമല്ല മുന്‍പ് ഒറ്റ നക്ഷത്രമായി കരുതിയിരുന്ന പല നക്ഷത്രങ്ങളും നാലോ അഞ്ചോ നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് ദൂരദര്‍ശിനിയുടെ കണ്ടുപിടുത്തോടെ മനസ്സിലായി. അതോടെ ഒരോ നക്ഷത്രത്തിനും തനത് നാമം കൊടുക്കുന്നത് സാധ്യമല്ലാതായി. അതിനാല്‍ നക്ഷത്രനാമകരണത്തിന് ജ്യോതിശാസ്ത്രജ്ഞര്‍ക്ക് പുതിയ രീതികള്‍ കണ്ടെത്തേണ്ടി വന്നു. ഇപ്പോള്‍ പ്രഭ കൂടിയ കുറച്ച് നക്ഷത്രങ്ങള്‍ക്ക് മാത്രമേ തനത് നാമം ഉപയോഗിക്കുന്നുള്ളൂ. ഉദാ: റീഗല്‍‍ , സിറിയസ്, വേഗ, പൊളാരിസ് മുതലയാവ.

ബെയറുടെ നാമകരണ സമ്പ്രദായം (The Bayer Naming System)

ജര്‍മ്മന്‍ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാന്‍ ബെയറാണ് 1603-ല്‍ ഈ നാമകരണ സമ്പ്രദായം കണ്ടെത്തിയത്. ഈ സമ്പ്രദായത്തില്‍ ഓരോനക്ഷത്രരാശിയിലേയും നക്ഷത്രങ്ങളെ അതിന്റെ പ്രഭ അനുസരിച്ച് ഗ്രീക്ക് ചെറിയ അക്ഷരങ്ങള്‍ ഇട്ട് വിളിക്കുന്നു. അതായത് നക്ഷത്രരാശിയിലെ ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ α എന്ന് . അതിനേക്കാള്‍ കുറഞ്ഞ പ്രകാശം ഉള്ളതിനെ β എന്നിങ്ങനെ. എന്നിട്ട് ഈ ഗ്രീക്ക് അക്ഷരത്തോടൊപ്പം ആ നക്ഷത്രരാശിയുടെ Latin genetive നാമം ചേര്‍ത്ത് ആ നക്ഷത്രരാശിയെ വിളിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ക്ക് ഓറിയോണ്‍ രാശിയുടെ കാര്യം എടുക്കാം. ഓറിയോണിന്റെ genetive നാമം ഓറിയോണിസ് എന്നാണ്. അപ്പോള്‍ ആ നക്ഷത്ര രാശിയിലെ ഏറ്റവും പ്രകാശമുള്ള നക്ഷത്രത്തെ α-orionis എന്നു വിളിക്കുന്നു. α-orionis നമ്മുടെ തിരുവാതിര (Betelgeuse) നക്ഷത്രമാണ്. അതേപോലെ രണ്ടാമത്തെ പ്രഭയേറിയ നക്ഷത്രത്തെ β-orionisഎന്ന് വിളിക്കുന്നു. ഈ രീതിയില്‍ നാമകരണം ചെയ്ത ഓറിയോണ്‍ (ശബരന്‍) നക്ഷത്രരാശിലെ നക്ഷത്രങ്ങളെ കാണാന്‍ ഇതോടൊപ്പമുള്ള ചിത്രം നോക്കൂ.


ഇതേപോലെ ഏറ്റവും പ്രഭയുള്ള നക്ഷത്രമായ സിറിയസിന്റെ ബെയറുടെ സമ്പ്രദായത്തിലുള്ള നാമം α-Canis Majoris എന്നാണ്. അത് ഏത് രാശിയില്‍ വരുന്നതാണെന്ന് എളുപ്പം കണ്ടെത്താമല്ലോ. അത് ഏത് നക്ഷത്രരാശിയിലാണ് വരുന്നത് എന്നു നിങ്ങള്‍ക്ക് പറയാന്‍ പറ്റുമോ?

ഈ രീതിയുടെ മെച്ചം നക്ഷത്രത്തിന്റെ പേരില്‍ നിന്ന് തന്നെ അതിന്റെ രാശി തിരിച്ചറിയുവാന്‍ കഴിയുന്നു എന്നതാണ്. പേര് കിട്ടി കഴിഞ്ഞാല്‍ ആദ്യം രാശിയും പിന്നെ ഗ്രീക്ക് അക്ഷരത്തിന്റെ ക്രമം അനുസരിച്ച് പ്രഭയും മനസ്സിലാക്കിയാല്‍ നക്ഷത്രത്തെ എളുപ്പം മനസ്സിലാക്കാം. ഉദാഹരണത്തിന് സൂര്യന്‍ കഴിഞ്ഞാല്‍ നമ്മളോട് ഏറ്റവും അടുത്ത നക്ഷത്രം α-Centauri യുടെ അടുത്തുള്ള പ്രോക്സിമ (സമീപം) സെന്റോറി എന്ന നക്ഷത്രം ആണെന്നു നിങ്ങള്‍ കേട്ടിട്ടുണ്ടാകും. അപ്പോള്‍ ഈ നക്ഷത്രത്തെ കാണണെമെങ്കില്‍ Centaurus നക്ഷത്രരാശിയിലെ α നക്ഷത്രത്തിന്റെ അടുത്തു നോക്കണം എന്നു എളുപ്പം മനസ്സിലാക്കാമല്ലോ.

ബെയര്‍നാമകരണ സമ്പ്രദായത്തിന്റെ പരിമിതികള്‍

ഇപ്പോഴും ഉപയോഗത്തിലുണ്ടെങ്കിലും ബെയര്‍നാമകരണ സമ്പ്രദായത്തിന് ചില പരിമിതികള്‍ ഉണ്ട്.

ഒന്നാമതായി, ഗ്രീക്ക് അക്ഷരമാലയില്‍ 24 അക്ഷരങ്ങളേ ഉള്ളൂ. അതിനാല്‍ ഒരു നക്ഷത്രരാശിയിലെ പരമാവധി 24 നക്ഷത്രങ്ങളേ ഇത്തരത്തില്‍ നാമകരണം ചെയ്യാന്‍ പറ്റൂ. ഈ പരിമിതി മറികടക്കാന്‍ ബെയര്‍ ഗ്രീക്ക് അക്ഷരം തീര്‍ന്നപ്പോള്‍ ഇംഗ്ലീഷ് ചെറിയ അക്ഷരം ഉപയോഗിച്ചു (ഉദാ: m-Canis Majoris, h-Persei എന്നിങ്ങനെ). അതും തിര്‍ന്നപ്പോള്‍ ഇംഗ്ലീഷ് വലിയ അക്ഷരം ഉപയോഗിച്ചു (ഉദാ: G-Scorpii). എന്നാലും ഏറ്റവും കൂടിയാല്‍ 24+26+26=76 നക്ഷത്രങ്ങളെ മാത്രമേ ഇങ്ങനെ നാമകരണം ചെയ്യാന്‍ പറ്റൂ. ഏറ്റവും പ്രഭയുള്ള നക്ഷത്രത്തെ ചൂണ്ടികാണിക്കാന്‍ ഉപയോഗിക്കുന്ന ഗ്രീക്ക് അക്ഷരങ്ങള്‍ മാത്രമേ ഇപ്പോള്‍ ഉപയോഗിക്കാറുള്ളൂ.

രണ്ടാമതായി, ജൊഹാന്‍ ബെയറുടെ കാലത്ത് നക്ഷത്രങ്ങളെ പ്രഭ അനുസരിച്ച് വര്‍ഗ്ഗീകരിച്ചത് കൃത്യമായിരുന്നില്ല. ഓറിയോണ്‍ നക്ഷത്രരാശിയില്‍ ഉള്ള റീഗല്‍ നക്ഷത്രത്തിന് ജൊഹാന്‍ ബെയര്‍ β-orionis എന്ന നാമം ആണ് കൊടുത്തത്. സത്യത്തില്‍ റീഗല്‍ നക്ഷത്രം ബെയര്‍ α-orionis എന്നു പേരിട്ട തിരുവാതിര (Betelgeuse) നക്ഷത്രത്തേക്കാള്‍ അല്പം പ്രഭ കൂടിയതാണ്. ശരിക്കും റീഗല്‍ ആയിരുന്നു α-orionis ആകേണ്ടിയിരുന്നത്. ഇത് തന്നെ ആയിരുന്നു മറ്റ് പല നക്ഷത്രങ്ങളുടേയും സ്ഥിതി. ചുരുക്കത്തില്‍ ബെയര്‍ ഒരു നക്ഷത്രത്തിന് കൊടുത്ത പ്രഭ ആയിരുന്നില്ല പിന്നീട് ഉപകരണങ്ങള്‍ ഉപയോഗിച്ച് കൃത്യമായി അളന്നപ്പോള്‍ കിട്ടിയത്. അതിനാല്‍ ഈ രീതിക്ക് ശാസ്ത്രീയത കുറവാണ്.

മൂന്നാമതായി, ഒറ്റ നക്ഷത്രമായി കരുതിയ പല നക്ഷത്രങ്ങളും പിന്നീട് ദൂരദര്‍ശിനിയുടെ വരവോടെ മൂന്നും നാലും നക്ഷത്രങ്ങള്‍ ചേര്‍ന്ന നക്ഷത്രക്കൂട്ടങ്ങള്‍ ആണെന്ന് കണ്ടെത്തി. അതോടെ ഈ പുതിയ നക്ഷത്രങ്ങളെ നാമകരണം ഒരു പ്രശ്നം ആയി. അതിന് ഗ്രീക്ക് അക്ഷരത്തോടൊപ്പം 1,2,3... എന്നിങ്ങനെ സംഖ്യകള്‍ superscript ആയി ഉപയോഗിച്ച് തല്‍ക്കാലം പ്രശ്നപരിഹാരം കണ്ടു.(ചിത്രത്തില്‍ π2345 എന്നൊക്കെയുള്ള നക്ഷത്രനാമം ശ്രദ്ധിക്കുക). പക്ഷെ പുതിയ പുതിയ നക്ഷത്രങ്ങള്‍ കണ്ടെത്തിയതോടെ ഈ രീതിയുടെ ശാസ്ത്രീയത കുറഞ്ഞു വന്നു. അതിനാല്‍ ശാസ്തജ്ഞര്‍ക്ക് പുതിയ നാമകരണ സമ്പ്രദായങ്ങള്‍ കണ്ടുപിടിക്കേണ്ടി വന്നു.

പ്രഭകൂടിയ ചില നക്ഷത്രങ്ങളുടെ തനതുനാമവും ബെയര്‍ സമ്പ്രദായത്തിലുള്ള നാമവും താഴെയുള്ള പട്ടികയില്‍ കൊടുത്തിരിക്കുന്നു.

നക്ഷത്രത്തിന്റെ തനത് നാമം

നക്ഷത്രത്തിന്റെ ബേയര്‍ സമ്പ്രദായത്തിലുള്ള നാമം

നക്ഷത്രത്തിലേക്കുള്ള ദൂരം (പ്രകാശവര്‍ഷ കണക്കില്‍‍)

നക്ഷത്രത്തിന്റെ ദൃശ്യകാന്തിമാനം

Sirius (സിറിയസ്)

α Canis Majoris

8.6

−1.47

Vega (വേഗ)

α Lyrae

25

+0.03

Betelgeuse (തിരുവാതിര)

α Orionis

430

+0.58

Rigel (റീഗല്‍)

β Orionis

770

+0.12

Deneb (ഡെനെബ്)

α Cygni

3200

+1.25

Alpha Centauri (ആല്ഫാ സെന്റോറി)

α Centauri

4.4

−0.01

Polaris (പൊളാരിസ്-ധ്രുവനക്ഷത്രം)

α Ursae Minoris

430

+2.01

Aldebaran (രോഹിണി)

α Tauri

65

+0.85




കൂടുതല്‍ നക്ഷത്രങ്ങളുടെ വിവരങ്ങള്‍ കാണാന്‍ വിക്കി പീഡിയയില്‍ ഉള്ള ഈ പട്ടിക നോക്കൂ.

ഇന്നും പത്രങ്ങളില്‍ ഒക്കെ വരുന്ന നക്ഷത്രചാര്‍ട്ടുകളിലും മറ്റും ബെയറുടെ നാമകരണ രീതിയും തനതുനാമവും ഇടകലര്‍ത്തി ഉപയോഗിച്ചു കാണുന്നു. നഗ്ന നേത്രം കൊണ്ടോ ചെറിയ ദൂരദര്‍ശിനിയോ ബൈനോക്കുലറോ ഉപയോഗിച്ചുള്ള നക്ഷത്രനിരീക്ഷണത്തിന് ഈ നാമകരണ സമ്പ്രദായങ്ങള്‍ ധാരാളം മതി. അതിനാലാണ് ഇന്നും ഈ രീതി പിന്‍തുടരുന്നത്. പക്ഷെ കൂടുതല്‍ ശാസ്ത്രീയത ആവശ്യമുള്ള ജ്യോതിശാസ്ത്രപഠനങ്ങള്‍ക്ക് ഈ രീതി മതിയാകില്ല. അതിനാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് വേറെ നാമകരണ രീതികള്‍ കണ്ടെത്തേണ്ടി വന്നു. കൂടുതല്‍ നാമകരണ സമ്പ്രദായ രീതികളെ‍ അടുത്ത പോസ്റ്റില്‍ പരിചയപ്പെടാം.